Friday, February 15, 2013

അമേരിക്കന്‍ ക്നാനായ സമൂഹം പ്രക്ഷോഭണത്തിലേക്ക്

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ  അല്‍മായ വിപ്ലവകാരികളുടെ അനൌദ്യോഗിക ജിഹ്വയായിരുന്ന സീറോ മലബാര്‍ വോയ്സ് എന്ന ബ്ലോഗ്‌, തല്‍ക്കാലത്തേക്ക് എന്ന് വിചാരിക്കട്ടെ, പ്രവര്‍ത്തനം നിറുത്തി വച്ചിരിക്കുന്നതായി കാണുന്നു. പുരോഗമന ചിന്തക്കാരായ അല്മായര്‍ക്കിടയില്‍ ഇത് വലിയൊരു ചിന്താക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനു തല്ക്കാലത്തെക്കെങ്കിലും ഒരു വിരാമമിടുക എന്ന ഏക ഉദ്ദേശത്തോടെ സീറോ മലബാര്‍ ലെയ്റ്റി വോയ്സ് എന്ന പേരില്‍ ഈ ബ്ലോഗിന് തുടക്കമിട്ട് സഹൃദയരായ അമേരിക്കന്‍ വിശ്വാസികള്‍ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്.



ചിക്കാഗോ രൂപതയുടെ കീഴിലുള്ള അമേരിക്കന്‍ സീറോ മലബാര്‍ സഭ വളരെ അപകടകരവും, നിര്‍ണ്ണായകവുമായ ഘട്ടത്തില്‍ക്കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷങ്ങളായി മാര്‍ത്തോമ കുരിശിനെച്ചൊല്ലി വടക്കുംഭാഗക്കാര്‍ക്കിടയില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന പ്രശ്നങ്ങള്‍ ബിഷപ്പ് അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ വരുതിയിലുള്ള പുരോഹിതരുംകൂടി തിണ്ണ മിടുക്കും ഉരുക്കുമുഷ്ടിയും ഉപയോഗിച്ച് ഇതുവരെ അടിച്ചൊതുക്കുകയായിരുന്നു. എങ്കിലും അമേരിക്കന്‍ സഭ നേരിടുന്ന പ്രതിസന്ധിയെയും ചിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ ദുര്‍ഭരണത്തേയും ലോക മനസ്സാക്ഷിക്കു മുമ്പില്‍ തുറന്ന്  കാട്ടുവാന്‍ ആധുനിക വാര്‍ത്താമാധ്യമ പ്രതിഭാസമായ  ബ്ലോഗുകള്‍ക്ക്‌ കഴിഞ്ഞു. ഇന്ന് സോള്‍ ആന്‍ഡ്‌ വിഷന്‍,. അല്‍മായ ശബ്ദം,. വേള്‍ഡ് ക്നാ,. ചിക്കാഗോ ക്നാ, നോര്‍ത്ത് അമേരിക്കന്‍ ക്നാ തുടങ്ങിയ ഉശിരന്‍ ബ്ലോഗുകള്‍ക്ക്‌ മുമ്പില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് നമ്മുടെ സഭാധികാരികള്‍. സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ തലപ്പത്ത് തുടങ്ങി അടിത്തട്ടു വരെ അഴിഞ്ഞാടുന്ന അഴിമതിയെയും അന്ന്യായങ്ങളെയും ബ്ലോഗ്‌ നടത്തിപ്പ് കാരായ പൌരപത്രപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നു കാട്ടുകയാണ്.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചിക്കാഗോ രൂപത  ഇന്നൊരു വലിയ പൊട്ടിത്തെറിയുടെ വക്കത്തെത്തി നില്‍ക്കുകയാണ്. തന്‍റെ അധീനത്തിലുള്ള ക്നാനായ ഇടവകകളില്‍ അവരുടെ തനതു പാരമ്പര്യമായ endogamy വച്ചു പുലര്‍ത്താന്‍ സമ്മതിക്കില്ല എന്ന് സമര്‍ത്ഥിച്ചുകൊണ്ടുള്ള ബിഷപ്‌ അങ്ങാടിയത്തിന്റെ അടുത്തയിടെ ഇറങ്ങിയ ഒരു ഇടയ ലേഖനം ആ സമുദായത്തെ ഇളക്കിമറച്ചിരിക്കുകയാണ്. ക്നാനായ ബിഷപ്പുമാരും അമേരിക്കയില്‍ സേവനം ചെയ്യുന്ന ക്നാനായ വൈദീകരും തങ്ങളുടെ സമൂഹത്തെ ഒറ്റു കൊടുത്തപ്പോള്‍ അതിനെതിരെ  ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കുകയാണ് അജഗണങ്ങള്‍. ചിക്കാഗോ രൂപതക്കും, സ്വന്തം സമുദായത്തിന്റെ വംശനാശത്തിനു കൂട്ട് നില്‍ക്കുന്ന ക്നാനായ വിഭാഗ നേത്രുത്ത്വത്തിനുമെതിരെ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട്‌ പോകുവാനുള്ള തീരുമാനമാണ് അവര്‍ കൈക്കൊണ്ടിരിക്കുന്നത്. രൂപതക്കെതിരെ അവര്‍ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു എന്നാണു ചില ക്നാനായ വൃത്തങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. കൂടാതെ അവരുടെ നാഷണല്‍ സംഘടനയായ KCCNA യുടെ നേതൃത്ത്വത്തില്‍ ഈ മാര്‍ച്ച്‌ മൂന്നാം തീയതി ചിക്കാഗോ രൂപതാസ്ഥാനത്തു നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള പ്രതിഷേധ പ്രകടനത്തില്‍ അമേരിക്ക എമ്പാടുനിന്നുമുള്ള ആയിരിക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കും എന്നാണു പറയപ്പെടുന്നത്‌. മുഖ്യധാര അമേരിക്കന്‍ മാധ്യമങ്ങള്‍ ആഗോളതലത്തിലുള്ള ഒരു വാര്‍ത്തയാക്കി ഇത് മാറ്റും എന്ന് അതിന്റെ സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

അര്‍ഹിക്കുന്ന പ്രധാന്ന്യത്തോടെ തന്നെ ലെയ്റ്റി വോയ്സും ഈ പുതിയ സംഭവവികാസങ്ങളെപ്പറ്റിയുള്ള  വിശദമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതാണ്.  

No comments:

Post a Comment